വയനാട് ഉരുൾപൊട്ടൽ ദുരന്തം; സൈന്യമെത്തി പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഉച്ചയോടെ എത്തുമെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. തുടർന്ന് 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്ന്.

സൈന്യമെത്തി പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്. തുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

വളർത്തുമൃ​ഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. 

കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്  ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി   സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply