ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനാകും പ്രാമുഖ്യമെന്ന് വയനാട്ടിലെ ജനങ്ങൾക്കയച്ച തുറന്നകത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാഗാന്ധി. നാമനിർദേശപത്രിക സമർപ്പിച്ചശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്കായി പ്രിയങ്ക കത്തയച്ചത്.
വയനാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാൻ എന്നും അവർക്കൊപ്പമുണ്ടാകും. വയനാട്ടിലെ ജനങ്ങളാണ് വഴികാട്ടിയും ഗുരുക്കന്മാരും. ഏതാനും മാസങ്ങൾക്കു മുൻപാണ് സഹോദരനൊപ്പം ചൂരൽമലയിലും മുണ്ടക്കൈയിലുമെത്തിയത്. ഈ യാത്രയിലാണ് വയനാട്ടുകാർക്കുണ്ടാക്കിയ വേദനയുടെ ആഴം നേരിട്ട് അറിഞ്ഞത്. പ്രകൃതിക്ഷോഭം ജീവിതമാകെ കവർന്നെടുക്കുകയായിരുന്നു.
ദുരന്തം സൃഷ്ടിച്ച ഇരുട്ടിനിടയിലും തനിക്ക് വെളിച്ചംപകർന്നത് ഈ സമൂഹത്തിന്റെ അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയുമാണ്. മനുഷ്യത്വത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽനിന്നാണ് നിങ്ങൾ പരസ്പരം ഒരുമിച്ചത്. വയനാട് ജനതയുടെ ധീരമായ ആത്മബോധം വല്ലാതെ സ്പർശിച്ചു. തന്റെ സഹോദരന് നിങ്ങൾ എല്ലാ സ്നേഹവും നൽകി. വയനാടിൽ മത്സരിക്കുന്നതിനെപ്പറ്റി സഹോദരൻ ചോദിച്ചത് ഒരേസമയം അഭിമാനബോധവും സങ്കടവും ചാലിച്ച മനസ്സോടെയായിരുന്നു -പ്രിയങ്ക പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

