‘വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചത് മേഖലയിലെ ആറ് സ്കൂളുകളെ’; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും സ്കൂൾ പൂർണമായും തകർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുന‍ർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോട് അനുബന്ധിച്ച് വെള്ളാർമല സ്കൂളിൻ്റെ പുനർനിർമ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്കൂൾ നിർമ്മിക്കാൻ മോഹൻലാൽ സന്നദ്ധത അറിയിച്ചു. കുട്ടികൾക്ക് പാഠപുസ്തകം, പഠനോപകരണങ്ങൾ, യൂണിഫോമുകൾ, വസ്ത്രങ്ങൾ എല്ലാം വേണം. ആറാം തീയതി രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അവരുടെയെല്ലാം അഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂ. കുട്ടികൾക്ക് കൗൺസിലിങ് നൽകേണ്ടതുണ്ട്. ആറാം തീയതി നടക്കുന്ന യോഗത്തിൽ ടീച്ചർമാരുടെയും നാട്ടുകാരുടെയും അഭിപ്രായം തേടിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply