വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവര്‍ക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു നയം ഉണ്ടാക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
വനാതിര്‍ത്തിയില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ദിവസമാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പടമല ചാലിഗദ്ദ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വനംവകുപ്പിനുണ്ടായ അനാസ്ഥയിലും വന്യജീവി അക്രമണത്തിലും വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അതേസമയം, കര്‍ഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യം മിഷന്‍ മഖ്ന വിജയത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ആനയെ വളഞ്ഞ് സംഘം ഉടന്‍ മയക്കുവെടി വെയ്ക്കും. നാല് കുങ്കി ആനകളും സജ്ജരാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്. 200 അംഗദൗത്യസംഘം വനത്തില്‍ തുടരുകയാണ്. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ് തിങ്കളാഴ്ച ഉച്ചയോടെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

