വണ്ടിപ്പെരിയാർ പോക്‌സോ കേസിലെ സാക്ഷികളായ പെൺകുട്ടിയുടെ സഹോദരനോടും സുഹൃത്തുക്കളോടും മൊഴിമാറ്റിപ്പറയാൻ പ്രതിയായ അർജുൻ പറഞ്ഞതായി ആറ് വയസുകാരിയുടെ സഹോദരൻ. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നതായും സാക്ഷി വെളിപ്പെടുത്തി. പോലീസ് ഏത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
സംഭവ ദിവസം രണ്ടര കഴിഞ്ഞപ്പോൾ ഓൺലൈൻ ക്ലാസ് തുടങ്ങിയിരുന്നു, ആ സമയത്താണ് അശോക് മുടിവെട്ടാൻ വേണ്ടിയിട്ട് വന്നതെന്ന് സഹോദരൻ പറഞ്ഞു. അപ്പോൾ അവൾ ഉപ്പും മുളകും പരിപാടി കണ്ടുകൊണ്ടിരുന്നു. ഞാൻ വെള്ളവും ചീർപ്പും കത്രികയുമെടുത്ത് പുറത്ത് പോയി. സുജിനും അർജുനും ഞങ്ങളുടെ കൂടെ വന്നു. പിന്നീട് സുജിനെ പാഷൻഫ്രൂട്ട് പറിക്കാൻ വേണ്ടി അർജുൻ പറഞ്ഞുവിട്ടു. സുജിൻ തിരിച്ചുവന്നപ്പോൾ പാഷൻ ഫ്രൂട്ടുമായി അർജുൻ വീടിന് അകത്തേക്ക് പോയി. പിന്നീട് ശബ്ദം പോലും കേട്ടില്ലെന്നും സഹോദരൻ പറഞ്ഞു.
ഓൺലൈൻ ക്ലാസ് മൂന്നരയോടെയാണ് തീർന്നതെന്നും ആ സമയത്തേക്ക് മുടിയും വെട്ടി തീരാറായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഏറെ നേരം കാണാതായ അർജുൻ ആ സമയത്താണ് തിരികെ വന്നത്. മുടിവെട്ടുന്ന സമയത്ത് ഓൺലൈൻ ക്ലാസ് തീരുന്ന വരെ നാല് പേരും ഒരുമിച്ചായിരുന്നു എന്ന് പറയാൻ അർജുൻ നിർബന്ധിച്ചു. പാഷൻ ഫ്രൂട്ടിന്റെ കാര്യം പൊലീസിനോട് പറയരുതെന്നും ആവശ്യപ്പെട്ടിരുന്നു സഹോദരൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

