വഞ്ചിയൂരിലെ വെടിവയ്പ് കേസിൽ പ്രതിയുടെ മൊഴിയിൽ മുൻ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെയാണ് കേസ്. സുജിത്തിൻ്റെ വീട്ടിൽ കയറി ഇദ്ദേഹത്തിൻ്റെ ഭാര്യയെ യുവ ഡോക്ടർ ദീപ്തി വെടിവച്ചിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പ്രതിയുടെ മൊഴി. ഇവരുടെ പരാതിയിലാണ് സംഭവത്തിൽ സുജിത്തിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറായ യുവതി വെടിവച്ചത്. ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളഞ്ഞു. വെടിയേറ്റ ഷിനിയെയും ഭാർത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് പ്രതി വന്ന കാർ കേന്ദ്രീകരിച്ചും അന്വേഷിച്ചു. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവയ്പ്പ്. അതിനാൽ ഷിനിയെ നേരിട്ട് പ്രതിക്ക് പരിചയമില്ലായിരുന്നുവെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ അന്വേഷണം സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. വെടിവച്ച ശേഷം കാർ കൊല്ലത്ത് പാരിപ്പള്ളി വരെയാണ് പോയതെന്ന കണ്ടെത്തൽ നിർണായകമായി. സുജിത്ത് മൂന്നു വർഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കളജിൽ ജോലി ചെയ്തിരുന്നതായി വ്യക്തമായിരുന്നു. ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു. അക്രമി മുഖം പകുതി മറച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷിയായ സുജിത്തിന്റെ അച്ഛൻ മൊഴി നൽകിയിരുന്നു.
ഡോക്ടറുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്സ് ചെയ്ത് സാക്ഷിയെ കാണിച്ചു. ഇതേ ആളാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സിൽവർ കളറിലുള്ള കാർ വ്യാജ നമ്പർ പ്ലേറ്റ് പതിച്ചിരുന്നു, തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നു. അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്ന് കണ്ടെത്തി. സിൽവർ കളറിലുള്ള കാർ ആയൂരിലെ ഡോക്ടറുടെ വീട്ടിൽ കണ്ടെത്തിയതും നിർണായകമായി.
ഡോക്ടറുടെ ഭർത്താവിൻ്റെ അച്ഛൻ്റെ പേരിലുള്ള കാറായിരുന്നു ഇത്. 24 മണിക്കൂർ നിരീക്ഷിച്ച ശേഷം സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നും കസ്റ്റഡിയിലെടുക്കുന്നത്. സുജിത്തും ഡോക്ടറായ യുവതിയും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെ കോവിഡ് കാലത്താണ് പരിചയത്തിലാകുന്നത്. സുജിത്ത് ബന്ധത്തിൽ നിന്നും അകന്ന ശേഷം പ്രതികാരം തീർക്കാൻ ദീപ്തി തീരുമാനിച്ചു. അന്നേ വീടും പരിസരവും കണ്ടെത്തി മനസിലാക്കി. എറണാകുളത്ത് നിന്ന് രണ്ട് നമ്പർ പ്ലേറ്റുകള്‍ സംഘടിപ്പിച്ച് രഹസ്യമായി സൂക്ഷിച്ചു. ഓണ്‍ലൈനിൽ എയർ ഗണ്‍വാങ്ങി ഭർത്താവ് പോലും അറിയാതെ വെടിവച്ച് പരിശീലിച്ചു. സുജിത്ത് പൂർണമായും ഒഴിവാക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് വീട്ടിൽ കയറി ആക്രമിച്ചതെന്നായിരുന്നു ഇന്നലെ പൊലീസ് പറഞ്ഞത്. പൊലീസ് തന്നെ തേടി എത്തും മുൻപ് ജീവനൊടുക്കാനും പ്രതി ആലോചിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

