സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
ആകെ 183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.
കേരളത്തില്‍ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സുരക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വിന്യാസത്തിന്‍റെ സംസ്ഥാനതല നോഡൽ ഓഫീസർ. പൊലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റന്‍റ് പൊലീസ് നോഡൽ ഓഫീസറാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

