ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നാളെ (മാർച്ച് 30) മണ്ഡലതല പര്യടനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനമെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ അവകാശപ്പെട്ടു. ‘വർഗീയതക്കെതിരെ നാടിന് വേണ്ടി നമുക്ക് ഒന്നിച്ചിറങ്ങാം’ എന്ന തലവാചകവും ലോക്‌സഭാ മണ്ഡല പര്യടന പോസ്റ്ററിലുണ്ട്. മാർച്ച് 30 മുതൽ ഏപ്രിൽ 22വരെയാണ് പര്യടനം.
‘ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ട്. കേരളം വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ പാർലമെന്റിൽ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി കൈകോർത്ത് രംഗത്തിറങ്ങാം’ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്. നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വിജ്ഞാപനം മാർച്ച് 28ന്. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്.
നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിൽ മെയ് 13നും അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നും ഒഡീഷയിൽ നാല് ഘട്ടങ്ങളായും (മെയ് 13, മെയ് 20, മെയ് 25, ജൂൺ ഒന്ന് ) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. സുരക്ഷാ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും. 97 കോടി വോട്ടർമാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48000 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

