കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം കൂടി. എൽ.ഡി.എഫ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും എ വിജയരാഘവൻ പാലക്കാടും വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.
കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ജില്ലാ കലക്ടർ ജെറോമിക് ജോർജ് പത്രിക സ്വീകരിച്ചു. പന്ന്യനൊപ്പം മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടിയും പത്രിക സമർപ്പണത്തിനെത്തി. തെരഞ്ഞെടുപ്പിൽ ജയം ഉറപ്പെന്ന് പത്രിക സമർപ്പിച്ച ശേഷം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പാലക്കാട് ലോക്സഭാ എല്‍.ഡി.എഫ് സ്ഥാനാർഥി എ.വിജയരാഘവൻ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർ ഡോ.എസ്. ചിത്രയുടെ മുമ്പാകെ പത്രിക സമർപ്പിച്ചു. മന്ത്രി എം.ബി രാജേഷ്, എ.കെ ബാലൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
ചാലക്കുടി എൻ.ഡി.എ സ്ഥാനാർഥിയായി കെ.എ ഉണ്ണികൃഷ്ണനും പത്രിക സമർപ്പിച്ചു. ഇതുവരെ നാൽപതോളം പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ലഭിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

