റിസോർട്ടിൽ നടന്ന ലഹരി പാർട്ടി: കേസിൽ നിന്നും പിവി അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നൽകിയ ഹർജിയിലാണ് നടപടി.

2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അൻവറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം നൽകിയത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. ഇതിനെതിരെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് ഒഴിവായെന്നായിരുന്നു ഹർജിയിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply