റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് ആര്‍എസ്എസ്എസുകാരായ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്ത നിരപരാധിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു.
കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണ്. ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
2017 മാർച്ച് 20 നു അർധരാത്രിയോടെ ചൂരിയിലെ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസിൽ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 7 വർഷമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. അന്തിമവാദം പൂർത്തിയായ കേസിൽ, ശനിയാഴ്ച രാവിലെയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

