റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ എംഎൽഎ. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചത് കൊണ്ടാണ് ഘാതകരെ വെറുതെവിട്ടതെന്ന് ആരോപിക്കുന്ന ലീഗുകാർക്കുള്ള മറുപടിയെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഗ്യാൻവാപി പള്ളിയിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രതികരണം. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയരുകയാണ്. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സർക്കാരിന്റെ തീരുമാനം.
‘റിയാസ് മൗലവിയുടെ കേസിൽ പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ചത് കൊണ്ടാണ് ഘാതകരെ വെറുതെവിട്ടത് എന്ന് പ്രചരിപ്പിക്കുന്ന ലീഗുകാർക്കായി സുപ്രീംകോടതിയുടെ ഈ വിധി സമർപ്പിക്കുന്നു. ഗ്യാൻവാപി പള്ളിക്കമ്മിറ്റി ഒത്തുകളിച്ചത് കൊണ്ടാണോ ഇത്തരമൊരു വിധി ഉണ്ടായത്? ഹേ കൂട്ടരെ! ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ എത്രകുലുക്കി വിളിച്ചാലും അവർ ഉണരില്ല. ലഭിക്കാൻ പോകുന്ന പദവികൾ സ്വപ്നം കണ്ട് വെറുതെ കണ്ണുമടച്ച് കിടക്കുകയാകും അവർ’.- കെടി ജലീൽ പറഞ്ഞു.
റിയാസ് മൗലവി കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ഷാജിത്ത് പ്രതികരിച്ചിരുന്നു. ഒത്തു കളി ആരോപണം രാഷ്ട്രീയനേട്ടം വെച്ചാണ്. എന്തു ഒത്തുകളി എന്ന് ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കണം. പ്രതിഭാഗം പോലും ഉന്നയിക്കാത്ത വാദഗതികൾ ആണ് കോടതി ചൂണ്ടിക്കാട്ടിയത്. അപ്പീലിൽ പൂർണ്ണമായും നീതി ലഭിക്കും. ഒന്നാം പ്രതിയുടെ ഷർട്ടും ഒന്നാം പ്രതിയുടെ ഡിഎൻഎയുമായി ഒത്തുനോക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഷർട്ട് തന്‍റേതല്ല എന്ന് ഒന്നാം പ്രതി പോലും പറഞ്ഞിട്ടില്ല. ഡിഎൻഎ എടുത്തില്ല എന്ന് കോടതി പറഞ്ഞത് അത്ഭുതപ്പെടുത്തുന്നു. കത്തിയിലും ഷർട്ടിലും റിയാസ് മൗലവിയുടെ രക്തം ആണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സാക്ഷികൾ കൂറുമാറിയത് കൊണ്ടാണ് പ്രതികളുടെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
റിയാസ് മൗലവിയുടെ കേസിൽ പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ചത് കൊണ്ടാണ് ഘാതകരെ വെറുതെവിട്ടത് എന്ന് പ്രചരിപ്പിക്കുന്ന ലീഗുകാർക്കായി സുപ്രീംകോടതിയുടെ ഈ വിധി സമർപ്പിക്കുന്നു. ഗ്യാൻവാപി പള്ളിക്കമ്മിറ്റി ഒത്തുകളിച്ചത് കൊണ്ടാണോ ഇത്തരമൊരു വിധി ഉണ്ടായത്? ഹേ കൂട്ടരെ! ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ എത്രകുലുക്കി വിളിച്ചാലും അവർ ഉണരില്ല. ലഭിക്കാൻ പോകുന്ന പദവികൾ സ്വപ്നം കണ്ട് വെറുതെ കണ്ണുമടച്ച് കിടക്കുകയാകും അവർ. ജഗദീശ്വരാ, ഞങ്ങളുടെ രാജ്യത്തെ നീ രക്ഷിക്കേണമേ, രാജ്യത്തിൻ്റെ ബഹുസ്വരത നീ നിലനിർത്തേണമേ……
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

