രാഷ്ട്രീയത്തിലായാലും സിനിമയിലായാലും സ്ത്രീകളോട് ‘അന്തസില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സമൂഹമാധ്യമത്തിലാണ് സുധാകരന്റെ പ്രതികരണം.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
”ഇത്രമേൽ ഗുരുതര കണ്ടെത്തലുകൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാൾ പിണറായി വിജയൻ മൂടിവച്ചത് എന്തിനെന്നു മലയാളികൾക്ക് മനസിലാകും. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സ്ത്രീകളോട് ‘അന്തസ്സില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം നേരിടുന്ന വലിയ അവഗണനകളുടെയും, പീഡനങ്ങളുടെയും അത്യന്തം ഗുരുതരമായ വെളിപ്പെടുത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഒരു ക്ലാർക്കിനെ പോലും സഹായത്തിനായി ഏർപ്പെടുത്താതെ ഒറ്റയ്ക്കിരുന്നു ഏറെ പ്രയാസപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയോട് കേരളത്തിന്റെ പേരിൽ കോൺഗ്രസ് നന്ദി പറയുന്നു.
മൂന്നാംകിട ഗുണ്ടായിസം മാത്രം അറിയാവുന്നൊരു മുഖ്യമന്ത്രി നയിക്കുന്ന ഭരണസംവിധാനത്തിൽ ഇത്രയും മികച്ച രീതിയിൽ തയ്യാറാക്കിയ റിപ്പോർട്ട് താങ്കൾക്ക് സമർപ്പിക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. കെകെ ശൈലജയും ഗോവിന്ദനും ചേർന്ന് സൃഷ്ടിച്ചെടുത്ത കാഫിർമാരെ സമൂഹം കൈയ്യോടെ പിടികൂടിയ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴെങ്കിലും പുറത്തുവിടാൻ തോന്നിയത് വലിയ കാര്യം. വിജയന് നന്ദി!
‘തവള ചത്താൽ വാർത്ത പാമ്പ് ചാകുന്നത് വരെ ‘ എന്ന തന്റെ സിദ്ധാന്തം ഇനിയും ഇവിടെ ചിലവാകില്ലന്ന് വിജയൻ മനസ്സിലാക്കണം. കേരളത്തെ ഏറ്റവും ക്രൂരമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച ഗോവിന്ദ-ശൈലജ സൃഷ്ടിയിലെ കാഫിർമാരെയും കോൺഗ്രസ് വെറുതെ വിടാൻ പോകുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടി വേണമെന്ന് സർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെടുന്നു. വിജയൻ എത്ര തന്നെ സംരക്ഷിച്ചു പിടിക്കാൻ ശ്രമിച്ചാലും, 2026-ൽ അധികാരത്തിൽ വരുന്ന കോൺഗ്രസ് സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് നൽകുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

