കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതോടെ കരുതലോടെ ട്രേഡ് യൂണിയനുകൾ. പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരെയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിഎംഡി ബിജു പ്രഭാകർ.
ബിജു പ്രഭാകറിൻറെ മൂന്നാമത്തെ ഫേസ്ബുക്ക് വീഡിയോ ഇന്ന് വൈകിട്ട് 3 മണിക്ക് പുറത്ത് വരുമെന്നാണ് വിശദമാക്കിയിട്ടുള്ളത്. ജീവനക്കാരിൽ ഒരു വിഭാഗം മാഹിയിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ മദ്യം കടത്തുന്നവരാണ് എന്നും നാഗർകോവിൽ നിന്ന് അരി കടത്തുന്നവരാണ് എന്നും ഇന്നലെ സി എം ഡി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രതിസന്ധിയിലായ ശമ്പള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല. രണ്ടാം ഗഡു ശമ്പളം നീളുന്നതിനൊപ്പം ഓണം അലവൻസ് ഉൾപ്പെടെ മുടങ്ങും എന്ന സ്ഥിതിയിലാണ് നിലവിൽ കാര്യങ്ങൾ ഉള്ളത്.
ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് ഇന്നലേയും ആവർത്തിച്ച ബിജു പ്രഭാകർ സർവ്വീസ് സംഘടനകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. മാനേജ്‌മെൻറിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു. ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിലെന്നും ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തതെന്നും ബിജു പ്രഭാകർ ആരോപിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

