രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നടത്തുന്ന ആക്ഷേപം സിപിഎം ഏറ്റെടുത്തു; വി.ഡി. സതീശൻ

രാഹുൽ ഗാന്ധിയെ വ്യക്തിഹത്യ നടത്താൻ ബിജെപി നടത്തുന്ന ആക്ഷേപം സിപിഎം ഏറ്റെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ബിജെപിയേക്കാൾ അലോസരപ്പെടുത്തുന്നത് സിപിഎമ്മിനെയാണെന്നും സതീശൻ പറഞ്ഞു.

പിണറായിക്കും മോദിക്കും ഒരേ സ്വരമാണ്. രാഹുൽ ഒളിച്ചോടിയെന്ന് മോദി പറയുന്നു, പിണറായിയും അതു തന്നെ പറയുന്നു. രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്. എതിർക്കുന്നവരുടെയെല്ലാം സമനില തെറ്റിയെന്ന് പിണറായി പറയുന്നു. എന്റെ സമനില തെറ്റിയെന്ന് ഒൻപതു തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്, ഞാൻ എണ്ണി. ഇങ്ങനെല്ലാവരുടെയും സമനില തെറ്റിയെന്നു പറയുന്നയാളാണ് ഡോക്ടറെ കാണേണ്ടത്. നട്ടാൽ കുരുക്കാത്ത നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.

ഗാന്ധിജിയെയും നെഹ്‌റുവിനെയും രൂക്ഷമായി വിമർശിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. കമ്യൂണിസ്റ്റ് പാർട്ടികളും ഹിന്ദുത്വശക്തികളുമെല്ലാം അന്ന് ഒരുമിച്ചായിരുന്നു. സിപിഎം ഇപ്പോൾ നടത്തുന്നത് മുസ്ലിം വോട്ട് കിട്ടാനുള്ള ശ്രമമാണ്. പൗരത്വ നിയമത്തിനെതിരായ സമരത്തിലെ എത്ര കേസുകൾ പിൻവലിച്ചെന്നും സതീശൻ ചോദിച്ചു.

കെ.കെ.ശൈലജയെ അപമാനിക്കും വിധം വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചെടുത്ത കേസ് പിൻവലിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കെ.കെ.ശൈലജ ഉന്നയിച്ചത് നുണ ബോംബാണ്. അതു പൊട്ടിപ്പോയി. വിഡിയോ ഇല്ലെന്ന് ശൈലജ തന്നെ ഒടുവിൽ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply