“രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വര നിന്ദ” ; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി എൻ എസ് എസ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയെന്ന് എൻ.എസ്.എസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിന് പിന്നാലെയാണ് എൻ.എസ്.എസ് വാർത്താകു​റിപ്പിറക്കിയത്. കോൺഗ്രസിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഏതെങ്കിലും സംഘടന​കളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പ്പാർട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ്. ഈ നിലപാട് സ്വീകരിക്കുന്നത്. രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ എൻ.എസ്.എസ്. ഇതിനോട് സഹകരിച്ചിരുന്നുവെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. അതേസമയം എൻ എസ് എസിനെ പ്രശംസിച്ച് ബി ജെ പി രംഗത്തെത്തി. എൻ എസ് എസ് നിലപാട് അഭിമാനം എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ​സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ക്ഷണം നിരസിച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply