രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു പോയത്.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടു പോയ ശേഷം കപ്പൽ ഒഴിവാക്കിയെന്നാണ് വിവരം. മാർച്ച് 17നു രാത്രി 11.30നു ശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്കു കഴിഞ്ഞിട്ടില്ല.
പാനമ രജിസ്ട്രേഷനുള്ള ബിറ്റു റിവർ കമ്പനിയുടേതാണ് കപ്പൽ. മുംബൈ ആസ്ഥാനമായ മെരി ടെക് ടാങ്കർ മാനേജ്മെന്റാണ് ചരക്ക് കടത്തലിനു ഉപയോഗിക്കുന്നത്. ബിറ്റു റിവർ കമ്പനി 18നു രജീന്ദ്രൻ ഭാര്യയെ വിളിച്ചു വിവരം പറഞ്ഞിരുന്നു. ജീവനക്കാർ സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
കപ്പലിലെ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതർ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടു പോയവരെ ബന്ധപ്പെടാൻ കഴിയാത്തത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പൽ കമ്പനി വീട്ടുകാർക്കു വിവരം കൈമാറിയിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

