ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഷാഫി പറമ്പിൽ. യൂത്ത് കെയറിന്റെ പ്രവർത്തകരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾക്ക് കർമ്മ ധീരമായി നേതൃത്വം നൽകുകയും അതേസമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമര സജ്ജരായി നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെടുകയും ക്രൂരമർദനങ്ങൾക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവർത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും-ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളനത്തിലാണ് ചെന്നിത്തല ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി സംസാരിച്ചത്. പൊതിച്ചോർ വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഡി.വൈ.എഫ്.ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം ചെന്നിത്തലക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

