മോഹിനിയാട്ടം പഠിക്കാൻ ഒരു വിവേചനവും ഇല്ലാതെ കലാമണ്ഡലത്തിന്റെ വാതിൽ തുറക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ. കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
കലാമണ്ഡലത്തിലെ അദ്ധ്യയന വിഷയങ്ങളിൽ നർത്തകർക്കു കൂടി അവസരം ഉണ്ടാകണമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഭാരതീയ കലാരൂപങ്ങളിൽ സ്ത്രീകൾ മാത്രം ചെയ്തിരുന്നത് പിന്നീട് സ്ത്രീയും പുരുഷനും ഒന്നിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം മോഹിനിയാട്ടത്തിലും ഉണ്ടായിട്ടുണ്ട്. വള്ളത്തോളിന്റെ സ്വപ്നഭൂമിയായ കലാമണ്ഡലത്തിൽ പുരുഷനായി നിന്ന് മോഹിനിയാട്ടം ലിംഗവിവേചനമില്ലാതെ അവതരിപ്പിക്കാൻ കഴിയണം. അത്തരത്തിലുള്ള ഗവേഷണ പ്രബന്ധമാണ് 2017ൽ ഡോ. എൻ.കെ. ഗീതയ്ക്ക് കീഴിൽ കലാമണ്ഡലത്തിൽ പി.എച്ച്.ഡിക്ക് അവതരിപ്പിച്ചത്.
സാക്ഷര കേരളത്തിലെ ആധുനിക സമൂഹം ഇത്രയേറെ വളർന്നിട്ടും ഈവിധമുള്ള വിവേചനം ഉണ്ടാകാൻ പാടില്ലന്ന് തന്നെയാണ് എല്ലാ മുക്കിൽ നിന്നും ഉയർന്ന ശബ്ദമെന്നത് ആശ്വാസമാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
മോഹിനിയാട്ടത്തിലെ മൂന്നിനങ്ങളായ ചൊൽക്കെട്ട്, വർണം, കീർത്തനം എന്നിവയാണ് 45 മിനിറ്റ് നേരം രാമകൃഷ്ണൻ അവതരിപ്പിച്ചത്. കലാമണ്ഡലത്തിൽ ഇതാദ്യമായാണ് ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

