മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ച ശേഷം ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ എന്ത് ഇടപെടൽ നടത്തണമെന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത് എന്ന് അമിക്കസ്‌ക്യുറിയും സീനിയർ അഭിഭാഷകനുമായ കെ. പരമേശ്വർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ഭരണ റിപ്പോർട്ടിൽ അടക്കം ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം 215720 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 344 ചതുരശ്ര മൈൽ ഏലം കുത്തകപാട്ട ഭൂമി. എന്നാൽ സർക്കാർ സുപ്രീം കോടതിയിൽ ഹാജരാക്കിയ ടൈപ്പ് ചെയ്ത റിപ്പോർട്ടിൽ ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണ്ണം 15720 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ലക്ഷം ഏക്കർ ഭൂമിയുടെ കുറവ് ആണ് കണക്കുകളിൽ ഉള്ളത് എന്നും അമിക്കസ്‌ക്യുറി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭൂമിയുടെ യഥാർത്ഥ വിസ്തീർണം സംബന്ധിച്ച് സർക്കാരിൽനിന്ന് വ്യക്തത വരുത്തണമെന്നും അമിക്കസ് ക്യുറി ആവശ്യപ്പെട്ടു. നിലവിൽ പറഞ്ഞിരിക്കുന്ന കണക്കിൽനിന്ന് വ്യത്യസ്തമാണ് യാഥാർഥ്യമെങ്കിൽ എന്തുകൊണ്ടാണ് രേഖകൾ സുപ്രീം കോടതിയിൽനിന്ന് മറച്ചുവെച്ചത് എന്ന് വ്യക്തമാക്കാൻ നിർദേശിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

