മുൻ എം.എൽ.എ നബീസ ഉമ്മാൾ അന്തരിച്ചു

മുൻ എം.എൽ.എ പ്രൊഫ. നബീസ ഉമ്മാൾ(92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ, തിരുവനന്തപുരം നെടുമങ്ങാടുള്ള പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്‌സണായിരുന്നു. പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു നബീസ ഉമ്മാൾ.

1931-ൽ ആറ്റിങ്ങലിലെ കല്ലൻവിള വീട്ടിൽ തമിഴ്നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോൺസ്റ്റബ്‌ളായിരുന്ന ഖാദർ മൊയ്തീന്റെയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്. ആറ്റിങ്ങൽ സർക്കാർ സ്‌കൂളിൽ സ്‌കൂൾ വിദ്യഭ്യാസം. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇന്റർമീഡിയേറ്റും ബി.എ ഇക്‌ണോമിക്‌സും പൊളിറ്റിക്കൽ ആന്റ് ഇന്ത്യൻ ഹിസ്റ്ററിയിൽ ഡിസ്റ്റിംഗ്ഷനും നേടിയിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേർസിറ്റി കോളജിൽ നിന്ന് എം.എ മലയാളം ലിറ്ററേച്ചർ ബിരുദവും നേടി. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തു നിന്നും എം.വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply