മുന്നാറിൽ സ്‌കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു

ഇടുക്കി മൂന്നാറിനടുത്തുള്ള ആനച്ചാലിലെ സ്‌കൈ ഡൈനിങ് സംവിധാനത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി താഴെയെത്തിച്ചു. മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. എല്ലാവരെയും താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിന്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു.

ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വെഞ്ചർ ടൂറിസത്തിന്റെ ഭാഗമായി പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി. എന്നാൽ ക്രെയിനിന്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നമായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply