മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ബസിന് നേരെ ഷൂ ഏറ്; കെ എസ് യു പ്രവർത്തകർ കസ്റ്റഡിയിൽ , കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ് കെ.എസ്.യു പ്രവർത്തകർ. പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യു, കോൺഗ്രസ് പതാകകളും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കത്തിച്ചു.

കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിലേക്ക് പോയാൽ അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കേണ്ടിവരുമെന്നും അപ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ഇവരുടെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നവകേരള സദസ്സിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കരിങ്കൊടികൊണ്ട് മാത്രം പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അതിനെ കയ്യൂക്ക് കൊണ്ട് നേരിടാൻ തീരുമാനിച്ച കേരളത്തിലെ ഡി.വൈ.എഫ്.ഐക്കും കേരള പൊലീസിനും എതിരെയുള്ള പ്രതികരണം കൂടിയാണ് മുഖ്യമന്ത്രിക്ക് നേരെ നടന്ന ഷൂ ഏറ്. സംസ്ഥാന വ്യാപകമായി അത് തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply