കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. കേന്ദ്ര തീരുമാനത്തോടെ ജൂണിലെ അമേരിക്കൻ യാത്രയുടെ ഭാവിയെക്കുറിച്ചും ചർച്ച സജീവമാണ്.
അതേസമയം കേന്ദ്രസർക്കാർ സന്ദർശനാനുമതി നൽകില്ലെന്ന് ഉറപ്പായതോടെ യുഎഇയിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികൾ. സിപിഎം ആഭിമുഖ്യമുള്ള സംഘടനകൾക്കായിരുന്നു സ്വീകരണ പരിപാടികളുടെ ഏകോപനവും മേൽനോട്ട ചുമതലയും. അബുദാബിയിലും ദുബായിലും സംഘാടക സമിതിയും രൂപീകരിച്ചു. യുഎഇയിലെ പ്രമുഖ വ്യവസായികളും ഇടത് അനുഭാവമുള്ള സംഘടനാ പ്രതിനിധികളും ലോകകേരള സഭാംഗങ്ങളുമായിരുന്നു സംഘാടക സമിതി അംഗങ്ങൾ. മെയ് ഏഴിന് അബുദാബി നാഷനൽ തിയറ്ററിൽ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

