മുഖ്യമന്ത്രിക്കെതിരെ പരിഹസവുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിക്കുന്നത്. സത്യ​ഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ​ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി. 

അതേസമയം, ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആറ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിയമപരമായ ഒരു പിൻബലവും ഇല്ലാതെയാണ് 6 സിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നതെന്ന് വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഓർഡിനൻസ് പ്രകാരമായിരുന്നു നിയമനം. പിന്നീട് നിയമം പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ എം പി പി കെ ബിജു ഉൾപ്പെടെ ഉള്ളവർ ഒന്നേകാൽ വർഷമായി നിയമ സാധുത ഇല്ലാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണ്. ഇവരെ അടിയന്തരമായി പുറത്താക്കണമെന്നും കൈപ്പറ്റിയ 50 ലക്ഷത്തോളം രൂപ തിരിച്ച് പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  കേരളത്തിലെ ഒരു സർവകലാശാലയിലും ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇതെന്നും ഇവർ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.  


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply