മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 12ന് കോടതി വിധിപറയും.
അതേസമയം, ഹർജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നു വ്യക്തമായിരിക്കുകയാണെന്നു വിജിലൻസിനായി ഹാജരായ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്നു കോടതി കേസിൽ വിധി പറയുന്നത് ഏപ്രിൽ 12ലേക്ക് മാറ്റുകയായിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണു സിഎംആർഎലിൽനിന്നു വീണ പണം കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടിയാണു കുഴൽനാടൻ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

