മാസപ്പടി കേസിൽ എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഹർജി ചീഫ് ജസ്റ്റിസിന് വിട്ടത്.കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്നാൽ കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടാൻ തീരുമാനമായത്.
ഏപ്രിൽ 22 നാണ് കേസ് പരിഗണിക്കുന്നത്. തത്കാലം എസ്എഫ്‌ഐഒ നടപടികൾക്ക് സ്റ്റേയില്ല. ഒരു വർഷത്തോളമായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്.
അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഉത്തരവ് നൽകണമെന്നുമാണ് സിഎംആർഎൽ ആവശ്യപ്പെട്ടത്. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

