മാസപ്പടി കേസിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനായ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ കോടതിയിൽ ഹാജരാക്കി. സിഎംആർഎല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൻറെ മിനുട്‌സ് ഉൾപ്പെടെയാണ് ഹാജരാക്കിയത്. ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി.
എന്നാൽ, സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു. അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലൻസ് അഭിഭാഷകൻ വാദിച്ചു. ഭൂപരിഷ്‌കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നൽകണമെന്ന് സിഎംആർഎല്ലിൻറെ അപേക്ഷ നിരസിച്ചതാണെന്നും വിജിലൻസ് വ്യക്തമാക്കി.
അതേസമയം, അപേക്ഷ പൂർണമായും നിരസിച്ചതല്ലെനും പുതിയ പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് താൽക്കാലികമായി തള്ളിയതാണെനും കുഴൽ നാടൻറെ അഭിഭാഷകൻ വാദിച്ചു. വാദം പൂർത്തിയായതോടെയാണ് ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

