അടൂരിൽ ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കമിതാക്കളില്‍, ഒളിവിലായിരുന്ന കാമുകനും പിടിയിലായി. യുവതി മോഷണ ദിവസം തന്നെ പിടിയിലായിരുന്നു. ഒളിവിടത്തില്‍ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി അന്‍വർ ഷായാണ് പിടിയിലായത്. കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് സ്വദേശിനി സരിതയെ സംഭവം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു.
പതിനാലാം മൈലിൽ കട നടത്തുന്ന തങ്കപ്പന്റെ മാലയാണ്, ബൈക്കിലെത്തി അൻവർ ഷായും സരിതയും പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. തങ്കപ്പൻ മാലയിൽ ബലമായി പിടിച്ചതോടെ പ്രതികളുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞു വച്ച് പൊലീസിനു കൈമാറുകയായിരുന്നു. സരിതയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകൻ അന്‍വർ ഷായാണ് ഒപ്പമുണ്ടായിരുന്നതെന്ന് വ്യക്തമായത്. പ്രതിക്കായി രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു.
കഴിഞ്ഞ രാത്രി കറ്റാനത്തെ ഒളിവിടത്തില്‍ പൊലീസെത്തിയെങ്കിലും പ്രതി ബൈക്കില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. യുവതിയിൽ നിന്നും മാല പൊലീസ് കണ്ടെടുത്തു. ഇവരാണ് കഴിഞ്ഞ മാര്‍ച്ചില്‍ തെങ്ങമത്തെ കോണത്ത് കാവ് ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും. സരിത ഇപ്പോള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

