മാലിന്യടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും

കോഴിക്കോട് ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു.

മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രണ്ട് തൊഴിലാളികളുടെയും  മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply