ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആൻഡ് വാർഡിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിക്കുകയാണ്. ഇന്നും ഒരു കാരണവുമില്ലാതെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരുകാര്യത്തിനും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണെന്നും സതീശൻ വിമർശിച്ചു.
നിയമസഭാ നടപടിക്രമങ്ങളെ അട്ടിമറിക്കാനും സ്പീക്കറെ പരിഹാസ പാത്രമായി മാറ്റാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭയിൽ ഇത് നടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി കൊടുക്കാതിരിക്കാൻ സർക്കാർ സ്പീക്കറെ നിർബന്ധിക്കുകയാണ്. മരുമകൻ എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും സ്പീക്കർക്കൊപ്പം എത്തുന്നില്ല എന്ന ആധിയാണ് മുഖ്യമന്ത്രിക്കെന്നും സതീശൻ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് ആക്ഷേപിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് എന്ത് അധികാരമാണുള്ളതെന്നും സതീശൻ ചോദിച്ചു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും മനപൂർവ്വം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് സഭയിൽ നടത്തിയതെന്നും സതീശൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

