മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ഈ മാസം 12 ന് ഹാജരാകാനാണ് തോമസ് ഐസക്കിന് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. എന്നാൽ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡിയുടെ സമന്‍സില്‍ അവശ്യപ്പെട്ടിരുന്നുവെന്നും തോമസ് ഐസക്ക് വിമര്‍ശിക്കുന്നു. ഇതെല്ലാം ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഹര്‍ജിയിലെ വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

