മെഡിക്കൽ കോഴ്സുകളിൽ, പ്രധാനമായും നഴ്സിങ് പഠിക്കാൻ മലയാളികൾ ധാരാളമായി ആശ്രയിക്കുന്നതു കർണാടകയിലെ കോളജുകളെയാണ്. ബംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള കോളജുകളെയാണ് കൂടുതലായും മലയാളികൾ ആശ്രയിക്കുന്നത്. എന്നാൽ, അമിതഫീസ് പലപ്പോഴും വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തലവേദനയായിരുന്നു. ഇപ്പോൾ ഇതിന് ആശ്വാസമായിരിക്കുകയാണ് സർക്കാരിന്റെ പുതിയ തീരുമാനം.
കർണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിങ് കോഴ്സിന്റെ ഫീസ് ആണ് സർക്കാർ നിശ്ചയിച്ചത്. 60 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കണം. കർണാടകത്തിലെ സ്ഥിരതാമസക്കാർക്ക് ഒരുവർഷം ഒരുലക്ഷം രൂപയായിരിക്കുംഫീസ്. കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ 1.40 ലക്ഷം നൽകണം.
പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ സീറ്റുകളിലേക്കുള്ള പ്രവേശനം. ബാക്കിയുള്ളതിൽ 20 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വാട്ടയാണ്. ഇതിലേക്ക് മാനേജ്മെന്റിനു സ്വതന്ത്രമായി പ്രവേശനം നടത്താം. ഫീസ് നിയന്ത്രണമില്ല. ബാക്കിയുള്ള 20 ശതമാനം സീറ്റ് സർക്കാർ ക്വാട്ടയായി നീക്കിവയ്ക്കണം. ഇതിൽ സർക്കാർ നിയന്ത്രണപ്രകാരമായിരിക്കും പ്രവേശനം. വർഷം 10,000 രൂപയാണ് ഫീസ്.
ഇതാദ്യമായാണ് കർണാടകത്തിൽ സ്വകാര്യ നഴ്സിങ് കോളജുകളിലെ ബിഎസ്സി നഴ്സിങ് കോഴ്സുകളുടെ ഫീസ് സർക്കാർ നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്മെന്റ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് ഇൻസ്റ്റിറ്റ്യൂഷൻസ്, കർണാടക സ്റ്റേറ്റ് പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ്, നവ കല്യാണ കർണാടക നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് അസോസിയേഷൻ എന്നിവയുമായി സർക്കാർ കരാറിൽ ഒപ്പിട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

