ബഡ്ജറ്റിൽ സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനുമുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ കുറവുവരുത്തിയതോടെ ജുവലറികളുടെ ഓഹരികളുടെ മൂല്യം മുകളിലേക്ക്. ബിഎസ്ഇയിൽ സെൻകോ ഗോൾഡ് 6.16 ശതമാനം ഉയർന്ന് 1,000.80 രൂപയിലും രാജേഷ് എക്സ്പോർട്ട്സ് 5.49 ശതമാനം ഉയർന്ന് 313.90 രൂപയിലും വ്യാപാരം നടത്തി. ടൈറ്റൻ കമ്പനിയുടെ ഓഹരികൾ 3.66% ഉയർന്ന് 3,371.65 രൂപയായി.നിലവിൽ പതിനഞ്ചുശതമാനമാണ് ഇറക്കുമതിചെയ്യുന്ന സ്വർണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടി. ഇത് ആറുശതമാനമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇതോടെ കാര്യമായ തോതിൽ സ്വർണത്തിന് വിലകുറയുമെന്നാണ് പറയുന്നത്. ഒരു ഗ്രാമിന് 420 രൂപവരെ കുറഞ്ഞേക്കും. ഒരുപവന് മൂവായിരം രൂപയിലധികം കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്.
ചിങ്ങമാസമാകുന്നതോടെ കേരളത്തിൽ വിവാഹ സീസൺ ആരംഭിക്കുകയാണ്. അതേസമയം, സ്വർണം പണയം വയ്ക്കുന്നവർക്ക് വിലക്കുറവ് തിരിച്ചടിയായേക്കുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായി കഷ്ടിച്ച് ഒരുമണിക്കൂർ കഴിയും മുമ്പുതന്നെ സ്വർണത്തിന് വിലക്കുറവ് ദൃശ്യമായിത്തുടങ്ങി. പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വരുംദിവസങ്ങളിൽ 5000 രൂപവരെ കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് 22 കാരറ്റ് ഒരുപവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്. ഒരുഗ്രാമിന് 6,495 രൂപയും. വരും ദിവസങ്ങളിലും ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആഫ്റ്റർ ഇഫക്ട് സ്വർണവിപണിയിൽ കാണാം.അംഗീകൃത സ്വർണവ്യാപാരികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കണമെന്നത്. സ്വർണ കള്ളക്കടത്ത് തടയാനുള്ള ഏറ്റവും നല്ല മാർഗം എന്ന നിലയിലാണ് വ്യാപാരികൾ ഇതിനെ ചൂണ്ടിക്കാണിച്ചത്.
നിലവിൽ ഒരുകിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ഏതാണ്ട് ഒമ്പതുലക്ഷം രൂപയിലധികമാണ് കടത്തുകാർക്ക് ലാഭമായി കിട്ടുന്നത്. സ്വർണത്തിന്റെ വില കൂടുന്നതിനനുസരിച്ച് അവർക്കുള്ള ലാഭവും കൂടും. ഇപ്പോൾ സ്വർണക്കടത്ത് കൂടാനുള്ള കാരണവും അതാണ്. എന്നാൽ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതോടെ സ്വർണത്തിന്റെ വില കാര്യമായി കുറയും. ഒപ്പം ഇറക്കുമതി കൂടുകയും ചെയ്യും. കൂടുതൽ ലാഭം കിട്ടാത്തതിനാൽ കള്ളക്കടത്ത് കുറയുകയും ചെയ്യും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

