മരണകാരണം തലക്കേറ്റ ​ഗുരുതരപരിക്ക്; ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്;

തൃശ്ശൂർ ജില്ലയിലെ വെളപ്പായയിൽ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നി​ഗമനം പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും പരിശോധിക്കും.

ഇന്നലെ ഏഴരയോടെയാണ് ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇ കെ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിലുള്ള പകയാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. 

തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്.  ട്രെയിനിന്‍റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ ഗ്യാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply