പ്രമുഖ നടനും മിമിക്രിതാരവുമായ ടിനി ടോമിന്റെ വെളിപ്പെടുത്തൽ വൻ മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. നടുക്കുന്ന വെളിപ്പെടുത്തലാണു താരം നടത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗത്താൽ പല്ലുപൊടിയുന്നൊരു താരം മലയാളസിനിമയിലുണ്ടെന്നാണു ടിനി വെളിപ്പെടുത്തിയത്. ചലച്ചിത്രതാരങ്ങളുടെ സംഘടനയുടെ ഭാരവാഹി കൂടിയായ ടിനിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്.
ആഴ്ചകളായി ചലച്ചിത്രമേഖലയിൽ വൻ വെളിപ്പെടുത്തലുകളാണ് ഉണ്ടാകുന്നത്. യുവതാരങ്ങളെയും അവരുടെ അപഥസഞ്ചാരങ്ങളെയും കുറിച്ചാണ് വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. നിർമാതാക്കളും സംവിധായകരുമാണ് യുവതാരങ്ങൾക്കെതിരെ തുറന്നടിച്ചത്. ലൊക്കേഷനുകളിൽ ചില യുവതാരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതും സെറ്റിൽ അലമ്പുണ്ടാക്കുന്നതുമെല്ലാം പതിവാണെന്നാണ് പലരും പറയുന്നത്.ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളാണ് എടുത്തുപറഞ്ഞതെങ്കിലും യുവതലമുറയിലെ നടന്മാർക്കിടയിൽ മാരകമായ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ധാരളമുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ലഹരിയിൽ ലൊക്കേഷനുകളിൽ താരങ്ങൾ അഴിഞ്ഞാടുന്നതു തുടർക്കഥയായപ്പോഴാണ് പലരും പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസമാണ് ടിനി ടോം ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മരുന്നടിക്കാരുടെ വലിയ ലിസ്റ്റ് പലർക്കുമറിയാമെന്നും അമിതമായ ലഹരി ഉപയോഗത്തിലൂടെ പല്ലുകൊഴിയുന്ന യുവതാരവുമുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. മാത്രമല്ല, തന്റെ മകന് സിനിമയിൽ അവസരം കിട്ടിയിട്ട് ഭാര്യ അനുവദിച്ചില്ലെന്നും താരം പറയുന്നു. മലയാള സിനിമ മയക്കുമരുന്നിന്റെ കരിനിഴലിലേക്കു വീഴുമ്പോൾ മകനെ ചലച്ചിത്രലോകത്തേക്ക് പ്രവേശിപ്പിക്കാൻ ഭയമാണെന്നും ടിനി പറഞ്ഞു. ടിനി ടോമിന്റെ വെളിപ്പെടുത്തലിലെ പല്ലുകൊഴിയുന്ന അവസ്ഥയിലെത്തിയ താരത്തെയാണ് ഇപ്പോൾ ചലച്ചിത്രലോകം അന്വേഷിക്കുന്നത്. പലരുടെയും പേരുകൾ പരക്കുന്നുണ്ടെങ്കിലും ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ചിലർക്കു വ്യക്തമായി അറിയാമെങ്കിലും പേരുകൾ പുറത്തുവിടുന്നില്ല. അതേസമയം, ആ താരം ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും മേഖലയിലുള്ളവർ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

