മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽ നിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിന് മുന്നിൽ അഭ്യാസം നടത്തിയത്. ഈ സമയം ദീപു അമിതമായി മദ്യപിച്ചിരുന്നു. ഇയാളെ പൊലീസ് വനംവകുപ്പിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഇത് കണ്ട ദീപു ഉടൻതന്നെ ചാലിലിറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് അതിനെ തോളിലിട്ട് അഭ്യാസ പ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനൽകാൻ തയ്യാറായില്ല. പാമ്പിനെ പിടികൂടുന്നതിൽ മുൻപരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ് ദീപു. സംഭവത്തെ തുടർന്ന് ദീപുവിനോ പാമ്പിനോ പരിക്കുകളൊന്നുമില്ല. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ദീപുവിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ പെരുമ്പാമ്പിനെ കുമ്മണ്ണൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

