വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ തെർമൽ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയ ഇടത്ത് തിരച്ചിൽ തുടരും. മുണ്ടക്കൈ അങ്ങാടിയിലെ ഒരു കടയുടെ താഴെ മണ്ണിനും കോൺക്രീറ്റ് പാളികൾക്കുമടിയിലാണ് സിഗ്നൽ ലഭിച്ചത്. താഴെയുള്ള മനുഷ്യനോ ജീവിയോ ശ്വാസമെടുക്കുന്നതിന്റെ സിഗ്നലാണ് ലഭിച്ചത്. മനുഷ്യനാണെന്ന് ഉറപ്പില്ല. എങ്കിലും ജീവന്റെ സിഗ്നലായതിനാൽ കെട്ടിടം പൊളിച്ച് പ്രദേശത്ത് രാത്രിയും തിരിച്ചിൽ തുടരാനാണ് തീരുമാനം.
സൈന്യത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഒരുവേള തിരച്ചിൽ നിർത്താൻ തീരുമാനിച്ച സാഹചര്യമുണ്ടായെങ്കിലും, പിന്നീട് കലക്ടറുടെയും മുഖ്യമന്ത്രിയുടേയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്. ഇതിനായി സൈന്യത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കാൻ മുഖ്യമന്ത്രി ഫയർഫോഴ്സിന് നിർദേശം നൽകി.പരിശോധനയ്ക്ക് വേണ്ട യന്ത്രസാമഗ്രികളടക്കമുള്ള ഉപകരണങ്ങളും ഫ്ലഡ് ലൈറ്റുകളുമടക്കം ഇവിടേക്കെത്തിക്കും.
വൈകുന്നേരം ഇവിടെ ഒരു മണിക്കൂറിലേറെ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനാവാതെ വന്നതോടെ, റഡാർ കൊണ്ടുവന്ന സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥൻ തിരിച്ചുപോയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഉടൻ തന്നെ ഒരു ഫോൺകോൾ വന്നതിനു പിന്നാലെ തീരുമാനം മാറ്റി ഇവിടേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. കലക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനോട് തിരികെപ്പോകാനും റഡാർ പരിശോധന തുടരാനും നിർദേശം ലഭിച്ചത്.
തുടർന്നാണ് കലക്ടറും സൈനിക ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതും പ്രദേശത്ത് തിരച്ചിൽ തുടരാൻ ആവശ്യപ്പെട്ടതും. ദുരന്തമുഖത്ത് കാണാതായവർക്കായി നാലാം ദിനവും രക്ഷാദൗത്യം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരിടത്ത് ആശ്വാസത്തിന്റെ സിഗ്നൽ ലഭിച്ചത്. ‘ബ്ലൂ സിഗ്നലാണ് ലഭിച്ചത്. അതിനർഥം താഴെയുള്ള മനുഷ്യനോ ജീവിയോ ശ്വസിക്കുന്നുണ്ട് എന്നാണ്, പക്ഷേ അത് ചലിക്കുന്നില്ല’- എന്ന് റഡാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

