മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കത്തയച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. മണിപ്പൂരിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

മണിപ്പൂരിൽ സംഘർഷ സാഹചര്യം കുറഞ്ഞിട്ടുണ്ട്. എങ്കിലും സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും സംസ്ഥാനത്ത് കാവൽ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്. അതിനിടെ സായുധ സംഘങ്ങൾ സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറി ആക്രമണം അഴിച്ചുവിട്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. വിഘടനവാദികളുടെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യം ചർച്ച ചെയ്തു. സർവ്വ കക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി, പാർട്ടികളുടെ സഹകരണം സമാധാന ശ്രമങ്ങൾക്ക് അഭ്യർത്ഥിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply