വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിൽ. യാത്രാ രേഖകൾ കൈയിൽ ഇല്ലാത്തതിനാൽ, മടക്കം വൈകുമെന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചത്.
റഷ്യൻ യുദ്ധ മുഖത്ത് പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന ആശ്വാസ വാർത്തയായിരുന്നു ആദ്യം കേട്ടത്. യാത്രാ രേഖകളില്ലാത്തതോടെ ഇവരുടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ദിനേന എംബസിയിൽ കയറി ഇറങ്ങിയിട്ടും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു എന്നു മാത്രമാണ് മറുപടി.
സർക്കാർ കണക്കു പ്രകാരം റഷ്യയിലെ യുദ്ധ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നാലു പേരാണ്. അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നും പൊഴിയൂർ സ്വദേശിയായ ഒരാളുമാണ് റഷ്യയിലുളളത്. എംബസി തഴയുമ്പോഴും റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്.
എന്നാൽ എന്ന് തിരിച്ചെത്താനാകുമെന്ന കാര്യത്തിൽ എംബസിക്കും വിദേശകാര്യമന്ത്രാലയത്തിനും ഉത്തരമില്ല. യുദ്ധമേഖലയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ വിനീതിന്റെയും ടിനുപനിയടിമയുടെയും വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ഇക്കാര്യത്തിലും എംബസിയുടെ ഇടപെടൽ തൃപ്തികരമല്ലെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

