യെമൻ രാജ്യത്തിന് നന്ദിപറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. വർഷങ്ങൾക്കുശേഷം മകളെ ജയിലിൽവച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും അവർ പങ്കുവച്ചു. ജയിലിൽവച്ച് കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്നു കെട്ടിപ്പിടിച്ചു.
കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു .
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നലെ പ്രേമകുമാരി പ്രാദേശിക സമയം പത്തരയോടെ (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒരുമണി) പ്രേമകുമാരി തലസ്ഥാനമായ സനയിലെ ജയിലിലെത്തി മകളെ കണ്ടിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനിൽ ജോലി ചെയ്യുന്ന സാമുവൽ ജെറോമിനും ഇന്ത്യൻ എംബസിയിലെ രണ്ട് ജീവനക്കാർക്കുമൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തിയത്.
നാലുപേരുടെയും ഫോണുകൾ ജയിൽ അധികൃതർ വങ്ങിവച്ചു. പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച. മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു. എംബസി ജീവനക്കാരൻ നെഫേയും ജീവനക്കാരി ദുഹയും സാമുവൽ ജെറോമും ജയിലിന് പുറത്തിറങ്ങി. എംബസി ജീവനക്കാർ നൽകിയ ഭക്ഷണം അമ്മയും മകളും ഒന്നിച്ചിരുന്ന് കഴിച്ചു. നിമിഷയെ വീണ്ടും കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്നായിരുന്നു പ്രേമകുമാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. പർദ്ദയണിഞ്ഞ് വന്ന മകളെ തനിക്ക് ദൂരെ നിന്നേ തിരിച്ചറിയാനായി. ജയിലിലുള്ളവർ സ്‌നേഹത്തോടെയാണ് പെരുമാറിയത്. യെമനോട് നന്ദിയുണ്ടെന്നും പ്രേമകുമാരി പറഞ്ഞു.
തന്നെ കണ്ടതും മമ്മീയെന്ന് വിളിച്ച് മകൾ ഓടിവന്ന് കെട്ടിപ്പിടിച്ചു. കല്യാണം കഴിച്ചുപോയ ശേഷം ആദ്യമായിട്ടാണ് മകളെ കാണുന്നതെന്നും അവർ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉടൻ തുടങ്ങും. യെമനിലെ ഗോത്ര തലവന്മാരുമായുള്ള ചർച്ചയാണ് ആദ്യം നടക്കുന്നത്. എംബസിയുടെ സഹായത്തോടെയാണ് ചർച്ച നടക്കുക. വരും ദിവസങ്ങളിൽ യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബാംഗങ്ങളുമായും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ചർച്ച നടത്തും. 2017ലാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ഇയാളുടെ കുടുംബം മാപ്പു നൽകിയാൽ ശിക്ഷയിളവു ലഭിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

