പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഭാരതാംബാ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയത് പുതിയ വിവാദത്തിലേക്ക്. എന്നാൽ ഭാരതാംബാ സങ്കൽപ്പം വിവാദമാക്കരുതെന്ന് ഗവർണർ രാജേന്ദ ആർലേക്കർ പറഞ്ഞു. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീ സഹോദൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപ്പത്തെ കാണാനാകണമെന്നും ഗവർണർ പറഞ്ഞു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയിൽ കാവി കൊടിപിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ ഇതിനു തയാറാകാത്ത സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ സ്വന്തം നിലയ്ക്കു പരിപാടി നടത്തി പുഷ്പാർച്ചന നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിവാദങ്ങൾക്ക് വഴിതെളിയുന്നത്. ഗവർണറെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.