ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്ബാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്ബിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്ബുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ബെയ്ലി പാലം രാവിലെയോടെ സജ്ജമാകും. പ്രതികൂല കാലാസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും കടുത്തവെല്ലുവിളി ഉയർത്തുന്നുണ്ട്. ബെയ്ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രസാമഗ്രികള്‍ മുണ്ടക്കെയിലെത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരുന്നൂറോളം പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 158 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നിരന്തരം ക്യാമ്പുകള്‍ സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിർദേശം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈയിലാണ് പ്രധാനമായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

