ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ട; മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം: പിണറായി വിജയൻ

രാജ്യം അപകടാവസ്ഥയിലാണെന്നും ഇതിന് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ടയാണ്. മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ആർഎസ്എസ് അജണ്ട. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെ’ന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

മോദിയുടെ വാഗ്‌ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ല. കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. നാനൂറ് സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി പറയുമ്പോൾ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇൻഡ്യ മുന്നണി നേടുമെന്ന പ്രതീക്ഷയും അദ്ദേഹം കൈവരിച്ചു.

കോൺഗ്രസിനെതിരെയും പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. ആർഎസ്എസ് അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും തങ്ങളുടെ പ്രകടന പത്രികയിൽ വിഷയം ഉൾപ്പെടുത്താൻ കോൺഗ്രസ് ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ മുസ്ലിം ലീഗിന്റെ അടക്കം കൊടികൾ ഉയർത്താത്തതിൽ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കഴിഞ്ഞ തവണ വിജയിച്ച 19 എംപിമാരും സംഘപരിവാറിനൊപ്പമാണെന്നും അവരെ വിജയിപ്പിച്ചതിൽ ജനങ്ങൾ ഇപ്പോൾ വേദനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply