ബാറുടമകളുടെ പണപ്പിരിവ് അന്വേഷിക്കണം ; ഡിജിപിക്ക് കത്ത് നൽകി മന്ത്രി എംബി രാജേഷ്

ബാറുടമകളുടെ പണപ്പിരിവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്ക് കത്ത് നൽകി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനാ നേതാവിന്‍റെ പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ശബ്ദരേഖ പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

അതേസമയം,കോഴ ആരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് രംഗത്തെത്തി. ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടനിർമാണത്തിനാണ് പണപ്പിരിവ് നടത്തുന്നത്. വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്നങ്ങളെന്നും വി.സുനിൽകുമാർ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply