ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി.

യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കൊച്ചി സിറ്റി പൊലീസിനു നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും  വിവിധ സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം, നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്.

എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിങ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply