ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴക്കു സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 28 തിയ്യതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് അറിയിപ്പുണ്ട്.
തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം ആ ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുത്. തെക്കു പടിഞ്ഞാറൻ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, കിഴക്കൻ ഭൂമധ്യരേഖയോട് അടുത്ത ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനി അറിയിപ്പുണ്ടാകുന്നത് വരെ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

