പൗരത്വ നിയമ ഭേതഗതി; ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സുപ്രീംകോടതിയിൽ ഹർജി നൽകും

സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ ഭേദ​ഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്.

വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ചിന് വിരുദ്ധമായാണ് നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യു.ഡി.എഫും പോരാടുമെന്നും വി ഡി സതീശൻ പറഞ്ഞു.

സി.എ.എ ചട്ടം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. യുവജന- വനിതാ സംഘടനകളും സമരമുഖത്തുണ്ടാകും. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ ശ്രമത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി എതിര്‍ക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply