പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുത്തതിനെ ഇടതുപക്ഷ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാർലിമെന്റേറിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ തനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
അസഹിഷ്ണുതയുടെ ആൾരൂപങ്ങൾ
പ്രധനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാൻ കരുതുന്നു .കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാര്‌ലിമെന്ററിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് .അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ! അപ്പോഴേക്കും അസഹിഷ്ണതയുടെ ആൾരൂപങ്ങളായ പാർട്ടി അടിമകൾ പ്രേമചന്ദ്രനെ സംഘിയാക്കി. മോദി സർക്കാരിന്റെ വക്താവായ ഗവർണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് പാർട്ടി അടിമകൾ കരുതുന്നത്. എന്തിന് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെപോയതാണ് കഷ്ടം. പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതിൽ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത്. എന്നാൽ വിപ്ലവകാരിയും തൊ.വ.(തൊഴിലാളി വർഗ്ഗ )നേതാവുമായ എളമരം കരീം ബി എം എസ് ന്റെ കുങ്കുമം പുതച്ച വേദിയിൽ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും ഒന്നും മിണ്ടാനില്ല. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവർ അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരും”.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

