മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കഥാകൃത്ത് എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നിൽ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇപി ജയരാജൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മാത്രമല്ല, പ്രസംഗം കേട്ടപ്പോൾ തനിക്ക് തോന്നിയത് എംടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെയാണെന്നും ഇപി പറഞ്ഞു.
സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു. പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കും തനിക്കും പിണറായി മഹാൻ ആണെന്നും ജയരാജൻ വ്യക്തമാക്കി. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എ കെ ജി, എന്നിവരുടെ ചിത്രങ്ങൾ വീട്ടിൽ വെച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവുമെന്നും ആണ് ഇപി ജയരാജന്റെ വിശദീകരണം.
ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

